പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പാരമ്പര്യവും, വൈവിധ്യമാർന്ന പൈതൃകവും സജീവമാക്കി നിലനിർത്താൻ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി  എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. പാരമ്പര്യമായി കൈമാറപ്പെട്ട് നിലനിൽക്കുന്ന കരകൗശല തൊഴിലുകളാണ് നമ്മുടെ സാംസ്‌കാരിക അടയാളമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 പരമ്പരാഗത കരകൗശലത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി.

വിശ്വകർമ്മ ദിനമായ സെപ്റ്റംബർ 17ന് ദ്വാരക യശോഭൂമിയിലെ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം വിശ്വകർമ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സ്ട്രീമിംഗ് വേദിയിൽ പ്രദർശിപ്പിച്ചു.

വിശ്വകർമ്മ പദ്ധതിയിൽ പരമ്പരാഗത കരകൗശല തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം രൂപയും രണ്ടാം ഘട്ടം രണ്ട് രക്ഷം രൂപയും ഈട് രഹിത വായ്പയായി ലഭിക്കും. കൂടാതെ 15 ലക്ഷം രൂപയുടെ ടൂൾ കിറ്റ്, നൂതന സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യ പരിശീലനം, ഡിജിറ്റൽ ഇടപാടുകൾക്ക് പ്രാപ്തരാക്കൽ, ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ആഭ്യന്തര അന്തർദേശീയ മൂല്യശൃംഖലയുമായി  ബന്ധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. 30 ലക്ഷം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.  13,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത്.

ആധാർ ബയോമെട്രിക് ഓതെന്റിക്കേഷൻ വഴി ഓൺലൈനായാണ് പദ്ധതിക്ക് രജിസ്റ്റർ ചെയ്യേണ്ടത്. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷകളുടെ പരിശോധന നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പി. എം. വിശ്വകർമ്മ തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ഒരു രൂപ ഡിജിറ്റൽ ഇടപാട് ഇൻസെന്റീവ്, ജെം ഓൺബോർഡിംഗ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

കേന്ദ്ര എം. എസ്. എം. ഇ വകുപ്പിനു വേണ്ടി ദക്ഷിണ റെയിൽവേ ആണ് പരിപാടി സംഘടിപ്പിച്ചത്.  സതേൺ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചീന്തർ മോഹൻ ശർമ്മ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് എന്നിവർ സംസാരിച്ചു. വിവിധ പരമ്പരാഗത തൊഴിൽ മേഖലകളിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു.