കാവശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെന്നിലാപുരത്ത് നിര്‍മ്മിച്ച എം.സി.എഫ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ 51 ലക്ഷവും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും വിനിയോഗിച്ചാണ് പതിനാറാം വാര്‍ഡില്‍ 2000 ചതുരശ്ര അടിയില്‍ ഇരുനില എം.സി.എഫ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

പഞ്ചായത്തിലെ വീടുകളില്‍ നിന്നും മറ്റുമായി ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനും സംഭരിക്കുന്നതിനും പുതിയ എം.സി.എഫില്‍ സൗകര്യമുണ്ട്. ഗ്രാമപഞ്ചായത്തില്‍ മാലിന്യ ശേഖരണത്തിന് 17 അംഗ ഹരിത കര്‍മ്മ സേനയാണ് പ്രവര്‍ത്തിച്ചു വരുന്നത്.

തെന്നിലാപുരം പതിനാറാം വാര്‍ഡില്‍ നടന്ന എം.സി.എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ്‌കുമാര്‍ അധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പലത, ജയകൃഷ്ണന്‍, കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുചിത്ര, സുജാത, ആണ്ടിയപ്പു, കേശവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.