വയനാടിന്റെ കാലാവസ്ഥ വ്യതിയാനം പഠനവിഷയമാക്കണമെന്ന് ജൈവവെവിധ്യ ബോര്‍ഡ് ശില്‍പ്പശാല ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ വേണം.
ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ഡിസ്ട്രിക്ട് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ഏകദിന ശില്‍പ്പശാല നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വ്യക്തികളും ബി.എം.സി മെമ്പര്‍മാരും ജനകീയ വൈവിധ്യ രജിസ്റ്റര്‍ പൂര്‍ത്തീകരിക്കേണ്ടതിനു വേണ്ട കര്‍മ്മ പദ്ധതികളെ കുറിച്ച് ഗ്രൂപ്പുകള്‍ തിരിഞ്ഞ് ചര്‍ച്ച ചെയ്തു. ഡിസംബറിനുള്ളില്‍ രജിസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചകളില്‍ ധാരണയായി.
ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ വി ബാലകൃഷ്ണന്‍, ജൈവ വൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ ടി ചന്ദ്രമോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, ജില്ല കോര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍, ബിഎംസി അംഗങ്ങള്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.