ഇന്ത്യന്‍ സ്വച്ഛത ലീഗ് (ഐ.എസ്.എല്‍) 2.0 യുടെ ഭാഗമായി ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ യുവാക്കള്‍ അണിനിരന്ന കൂട്ടയോട്ടം നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ അവസാനിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്ത് മാലിന്യമുക്ത കേരളം എന്ന ആശയം മുന്നോട്ട് വെച്ചു.

സെല്‍ഫി പോയിന്റ്, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ബോധവത്ക്കരണം എന്നിവയും നടന്നു. ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ വരും ദിവസങ്ങളില്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ചിത്രരചന, വാള്‍ പെയിന്റിങ്, ക്ലീനിങ് ഡ്രൈവ്, ക്വിസ് മത്സരം, ഷോര്‍ട്ട് ഫിലിം മത്സരം, സ്‌കൂളുകളിലും കോളെജുകളിലും സാനിറ്റേഷന്‍ ക്ലബ്ബുകളുടെ രൂപീകരണം, ശുചീകരണ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് എന്നീ പരിപാടികള്‍ നടക്കും. പരിപാടിയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. കമലം, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയപേഴ്‌സണ്‍ സഫ്‌ന പാറക്കല്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.