ആനക്കര ഗ്രാമ പഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടപ്പാക്കുന്ന സൂതിക പരിചരണം (പ്രസവ രക്ഷ മരുന്ന് വിതരണം) പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത് ഹാളില്‍ നടന്നു. ആനക്കര പഞ്ചായത്തിലെ അമ്മയ്ക്കും കുഞ്ഞിനും ആയുര്‍വേദത്തിന്റെ കരുതല്‍ എന്ന ലക്ഷ്യത്തില്‍ ഒരു മാസത്തേക്കുള്ള 20 തരം മരുന്നുകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്.

ആനക്കര ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസവ രക്ഷ ആവശ്യമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ബന്ധുക്കള്‍ ആനക്കര ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നേരിട്ടെത്തിയാല്‍ മരുന്ന് ലഭ്യമാവും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിര്‍വഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂബിയ റഹ്മാന്‍ അധ്യക്ഷയായി. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.