പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2022-2023 ഹെല്‍ത്ത് ഗ്രാന്റ് പ്രകാരം സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 103 തദ്ദേശ സ്ഥാപനങ്ങളിലായി 26.27 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്. അഞ്ച് സ്‌കീമുകളിലായി 82 ഗ്രാമ പഞ്ചായത്തുകളും 7 ബ്ലോക്ക് പഞ്ചായത്തുകളും 14 നഗരസഭകളുമാണ് പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്.
ഹെല്‍ത്ത് സബ് സെന്ററുകള്‍ക്ക് കെട്ടിടങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ അവ നിര്‍മ്മിക്കുന്നതിനും ലാബോറട്ടികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 2021-22 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് വഴിയുള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതികള്‍ യോഗം അംഗീകരിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ച് കെട്ടിടമില്ലാത്തതോ, നിലവിലുള്ള കെട്ടിടം അപകടാവസ്ഥയിലോ ആയ സബ് സെന്ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള പ്രൊപോസലുകള്‍ എന്‍.എച്ച്.എമ്മിന് അടിയന്തരമായി ലഭ്യമാക്കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ജില്ലാ ആസൂത്രണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന ജില്ലയിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘ജില്ലാ വികസന റിപ്പോര്‍ട്ട് 2022-23’ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പുറത്തിറക്കി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ സനിത റഹീം, അഡ്വ. കെ. തുളസി, അനിത ടീച്ചര്‍, ശാരദ മോഹന്‍, ലിസി അലക്‌സ്, എ.എസ് അനില്‍കുമാര്‍, മനോജ് മൂത്തേടന്‍, റീത്താ പോള്‍, മേഴ്‌സി ടീച്ചര്‍, മാത്യൂസ് വര്‍ക്കി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, എന്‍.എച്ച്.എം(നാഷണൽ ഹെൽത്ത് മിഷൻ) ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. രോഹിണി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സവിത, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.