വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ട്, കുട്ടികളുടെ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 2.30ന് സഹകരണ ടവറിൽ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ ഒക്ടോബർ 9 ന് പ്രകാശനം ചെയ്യും. ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്കൂളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. അധ്യാപക സഹായി, ഡിജിറ്റൽ ടെക്സ്റ്റ്, രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും തയാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റൽ ടെക്സ്റ്റ് വികസിപ്പിക്കുക. കൂടാതെ ഭിന്നശേഷി കുട്ടികൾക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.