നിയമസഭാ സാമാജികരുടെ ദ്വിദിന പരിശീലന പരിപാടിക്കു തുടക്കമായി
നിയമസഭയിലുണ്ടാകുന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾ സ്വാഭാവികമാണെന്നും അവ സീമ ലംഘിക്കാതിരിക്കാൻ സാമാജികർ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമസഭാ സാമാജികർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന തുടർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ സാമാജികരുടെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ സഭയിൽ ശക്തമായി അവതരിപ്പിക്കുകതന്നെ വേണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ സഭയുടെ സജീവത കുറഞ്ഞുപോകും. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽത്തന്നെ ഉയർന്നുവരണം. പക്ഷേ, അതിൽ നമുക്കു നമ്മുടേതായ നിയന്ത്രണങ്ങളുണ്ടാകണം. എന്നാൽ, ചില ഘട്ടങ്ങളിൽ പൊതുവേയുണ്ടാകേണ്ട സൗഹൃദാന്തരീക്ഷം തകർന്നുപോകുന്ന നിലവരുന്നുണ്ട്. അതു ഗുണകരമല്ല. അക്കാര്യത്തിൽ ശ്രദ്ധയുണ്ടാകണം.
സഭയിൽ സ്പീക്കർ വിളിച്ചു സംസാരിക്കുന്ന ഘട്ടത്തിൽ സഭാ നടപടികൾക്കു നിരക്കുന്ന രീതിയാണു നടക്കുന്നത്. അത് എല്ലാവരും ശ്രദ്ധിക്കുന്നുമുണ്ട്. പക്ഷേ, അതല്ലാത്ത ഘട്ടങ്ങളിലുണ്ടാകുന്ന ഒട്ടേറെ പരാമർശങ്ങൾ സഭാ നടപടികൾക്കു നിരക്കുന്ന രീതിയിൽത്തന്നെയാണോയെന്നതു പ്രത്യേകം ശ്രദ്ധിക്കണം. സഭയുടെ അന്തസ് നഷ്ടപ്പെടുന്നതിന് അവ ഇടയാക്കരുത്.
ചിലപ്പോഴെങ്കിലും വളരെ മോശം പദപ്രയോഗങ്ങൾ ഉയരാറുണ്ട്. അവ പറയാൻ അവകാശമുണ്ടെന്നു ധരിക്കുകയാണ്. നമ്മൾ പരസ്പരം അങ്ങനെ പറയുന്നവരല്ല, നേരേനിന്നു സംസാരിക്കുമ്പോഴും സഭ്യേതരമല്ലാതെ സംസാരിക്കുന്നവരല്ല. പക്ഷേ ചില ഘട്ടങ്ങളിൽ ശരിയല്ലാത്തതു വിളിച്ചുപറയുകയെന്നും അത് അവകാശമാമെന്ന നിലയിൽ കാണുകയും ചെയ്യുന്ന ചിലർ ഉണ്ടോയെന്നു സംശയിക്കണം.
നമ്മുടെ ബോധ്യത്തിൽനിന്നാണു സഭയിൽ നാം സംസാരിക്കുന്നത്. ഓരോരുത്തരുടേയും ധാരണയനുസരിച്ചാണ് ഇടപെടുന്നത്. അത് ആ നിലയ്ക്കുതന്നെ തുടർന്നുപോകണം. നമുക്കു ബോധ്യമുള്ള കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുകതന്നെയാണു വേണ്ടത്. അവരവർക്കു ബോധ്യമല്ലാത്തവ പറയാൻ ഇടവരുന്ന സാഹചര്യം ചിലപ്പോഴെങ്കിലും കാണാൻ സാധിക്കുന്നുണ്ട്. അതു മാതൃകാപരമാണെന്നു പറയാൻ കഴിയില്ല. അവരവരുടെ മനഃസാക്ഷിക്കു നിരക്കുന്നതും ബോധ്യത്തിന്റ ഭാഗമായിട്ടുള്ള കാര്യങ്ങളുമായിരിക്കണം അവതരിപ്പിക്കേണ്ടത് – മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സാമാജികർ കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ സഭയിൽ ഇടപെടണം. എങ്കിലേ സഭയിലെ ഇടപെടലുകൾ അർഥപൂർണമാകൂ. സാമാജികർക്കുള്ള പരിശീലന പരിപാടികളിലൂടെ ലഭിക്കുന്ന അറിവുകൾ ഇതിന്റെ അടിത്തറയായി കാണണം. സഭയിലെ നടപടിക്രമങ്ങൾപോലെതന്നെ പ്രധാനമാണു സഭാ സമിതികളുടെ പ്രവർത്തനം. സഭയുടെ എല്ലാ അവകാശ അധികാരങ്ങളുമുള്ളവയാണു സഭാ സമിതികൾ. സമിതികളുടെ മുൻപാകെ വരുന്ന വിഷയങ്ങൾ ഫലപ്രദമായി പഠിക്കാനും ഇടപെടാനും തീരുമാനങ്ങളെടുക്കാനും അംഗങ്ങൾ ജാഗ്രത പാലിക്കണം.
നിയമ നിർമാണ വിഷയങ്ങളിൽ വിശദമായ പരിശോധനയും ഇഴകീറിയുള്ള പരിശോധനയുമൊക്കെ സഭാ സമിതികളിലാണു ഗൗരവമായി നടക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വിലയിരുത്തുന്നതിനും സഭാ സമിതികൾക്കു കഴിയും. ഇത്തരത്തിൽ തിരുത്തൽ ശക്തിയായിത്തന്നെ പ്രവർത്തിക്കാൻ അവയ്ക്കു കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിയമസഭയിലെ പുതിയ അംഗങ്ങളെ സഭാ നടപടിക്രമങ്ങൾ മനസിലാക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണു തുടർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിയമസഭാംഗങ്ങളെല്ലാം നിയമനിർമാണത്തിന്റെ ഭാഗമായുള്ള അറിവുകൾ സ്വീകരിക്കാനും അവർക്കുള്ള അറിവുകൾ പങ്കുവയ്ക്കാനും കഴിയുന്നതാണ് ഇത്തരം പരിശീലനങ്ങൾ. കേരള നിയമ നിർമാണ സഭ ഇന്ത്യക്കു മാതൃകയായ നിരവധി നിയമ നിർമാണങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ് എം.എൽ.എ., നിയമസഭാ സെക്രട്ടറി എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു. പരിശീലന പരിപാടി ബുധനാഴ്ച (20 സെപ്റ്റംബർ) സമാപിക്കും.