നിപ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി നഗരസഭതല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ നടന്ന ‘ഒരുമിച്ച് കൈകോര്‍ക്കാം നിപയെ തുരത്താം’ ബോധവല്‍ക്കരണ പരിപാടി നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ ബേബി അധ്യക്ഷത വഹിച്ചു.

കേരളത്തില്‍ നിപ്പാരോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. നിപ രോഗലക്ഷണങ്ങള്‍ എന്തൊക്കെ, രോഗം പകരുന്ന വിധം, രോഗത്തിന്റെ അപകടസാധ്യതകള്‍, എടുക്കേണ്ട മുന്‍കരുതുകള്‍ എന്നിവയെ കുറിച്ച് കട്ടപ്പന താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ.റെയ്‌ന ക്ലാസ് നയിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ആഷ്‌ലി എബ്രഹാം, താലൂക്ക് ഹോസ്പിറ്റല്‍ എച്ച് ഐ ജയ ജേക്കബ് ,നഗരസഭ കൗണ്‍സിലര്‍മാര്‍ , സ്‌കൂള്‍ നോഡല്‍ ടീച്ചേഴ്‌സ് , അംഗന്‍വാടി വര്‍ക്കേഴ്‌സ് , ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.