പാരാമെഡിക്കൽ/ഫാർമസി അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുന്നതിനു മുൻപ് കോഴ്‌സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ബന്ധപ്പെട്ട കൗൺസിൽ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്ത് സർക്കാർ അംഗീകാരവും യു.ജി.സി അംഗീകാരവുമുള്ള വിവിധ പാരാമെഡിക്കൽ ഡിപ്ലോമ/ഫാർമസി/ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പരസ്യങ്ങളും നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.
കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റ് അംഗീകൃത സർവകലാശാലകൾക്കു കീഴിലും [Kerala, MG, Calicut, Kannur & Amritha (Deemed Uty)] നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി/പിജി കോഴ്‌സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്കും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ നടത്തപ്പെടുന്ന ഡി.എച്ച്.ഐ കോഴ്‌സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കൽ കൗൺസിലിന്റെയും അംഗീകാരം ഉള്ളത്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയുള്ള പാരാമെഡിക്കൽ അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കൽ കൗൺസിൽ/ ഡെന്റൽകൗൺസിൽ/ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലും കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുമായി നടത്തപ്പെടുന്ന അംഗീകാരമുള്ള പാരാമെഡിക്കൽ ഡിഗ്രി/പിജി കോഴ്‌സുകളുടെയും അവ നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെയും പട്ടിക കേരള ആരോഗ്യ സർവകലാശാലയുടെ www.kuhs.ac.in ലും, സംസ്ഥാന സർക്കാർ/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ കേരള പാരാമെഡിക്കൽ കൗൺസിൽ/ ഫാർമസി കൗൺസിൽ അംഗീകരിച്ച വിവിധ പാരാമെഡിക്കൽ ഡിപ്ലോമ/ ഡി.ഫാം /ഡി.എച്ച്.ഐ കോഴ്സുകളും അവ നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെയും പട്ടിക മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ www.dme.kerala.gov.in ലും ലഭ്യമാണെന്നും ഡയറക്ടർ അറിയിച്ചു.