കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പൈതൃകം-2023 കാര്‍ഷികമേള മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക രംഗത്തെ പഴയതും പുതിയതുമായ കാര്‍ഷിക യന്ത്രങ്ങള്‍, പരമ്പരാഗതവും നൂതനവുമായ വിത്തിനങ്ങള്‍, വിവിധ ജീവാണു വളങ്ങള്‍, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ ജൈവ ഉത്പാദനോപാധികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. കൃഷിയിടത്തില്‍ നെല്‍കൃഷി ഡ്രോണിന്റെ പ്രദര്‍ശനവും നൂതന സാങ്കേതികവിദ്യ പ്രവര്‍ത്തനം പരിചയപ്പെടുത്തലും നടന്നു.

കാര്‍ഷിക മേഖലയിലെ അറിവുകള്‍ മെച്ചപ്പെടുത്തുന്നതിനും കാലികമാക്കുന്നതിനും ഉതകുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചത്. ഔഷധ സസ്യങ്ങളെ കുറിച്ച് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ നേതൃത്വത്തില്‍ സി.ഐ.എം.എച്ച് മേളയില്‍ പങ്കെടുത്തവര്‍ക്കായി പരിശീലന പരിപാടി നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. ഇന്ദിര അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ദീപ്തി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജ, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. കോമളം, കാഞ്ചന സുദേവന്‍, ആര്‍. ശോഭന, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ.സി ജയപാലന്‍, മരുതറോഡ് കൃഷി ഓഫീസര്‍ എം.എന്‍ സുഭാഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.