നെന്മാറ ബ്ലോക്കിലെ എലവഞ്ചേരി, നെന്മാറ, മേലാര്‍കോട്, അയിലൂര്‍, വണ്ടാഴി, നെല്ലിയാമ്പതി, പല്ലശ്ശന തുടങ്ങിയ ഏഴ് പഞ്ചായത്തുകളിലും നവകേരള മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായതായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. സെപ്റ്റംബര്‍ 12 മുതല്‍ 16 വരെയാണ് അവലോകനയോഗം നടന്നത്.
മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂസര്‍ ഫീ പിരിച്ചെടുക്കല്‍, മാലിന്യം പൂര്‍ണമായി തരംതിരിക്കല്‍, കലണ്ടര്‍ പ്രകാരം അജൈവ മാലിന്യം ശേഖരിക്കല്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമായി പഞ്ചായത്തുകളില്‍ നടത്താന്‍ തീരുമാനിച്ചു. എം.സി.എഫുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായി നടപടി എടുക്കാനും എല്ലാ മാസവും മിഷന്‍ അവലോകന യോഗം നടത്താനും യോഗത്തില്‍ തീരുമാനമായി.
ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, വിദ്യാകിരണം, റീ-ബില്‍ഡ് കേരള എന്നീ മിഷനുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അതാത് ഇംപ്ലിമെന്റിങ് ഓഫീസര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. വിടവുകള്‍ ചര്‍ച്ച ചെയ്ത് തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.