പട്ടാമ്പിയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി പുനരുപയോഗ വസ്തുക്കളുടെ വിപണനവും
പട്ടാമ്പി നഗരസഭയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി മുതല്‍ വീടുകളില്‍ പുനരുപയോഗ വസ്തുക്കളുടെ വിപണനവും നടക്കും. ഹരിതകര്‍മ്മ സേന വീടുകളി നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കളില്‍നിന്നും നിര്‍മ്മിച്ച ചവിട്ടി പോലുള്ള വസ്തുക്കളാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ വില്‍ക്കുക.
ഹരിതകര്‍മ്മ സേന സ്വീകരിക്കുന്ന പാഴ് വസ്തുക്കള്‍ക്ക് പുറമെ നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സ്വാപ്പ് ഷോപ്പില്‍ നിന്നും ലഭിച്ച തുണിത്തരങ്ങള്‍ തുടങ്ങിയ വസ്തുക്കളില്‍ നിന്നുമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗി(ഐ.എസ്.എല്‍ 2.0)ന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മികുട്ടിക്ക് പാഴ് വസ്തുക്കളില്‍നിന്നും നിര്‍മ്മിച്ച വസ്തുക്കള്‍ കൈമാറി.
ഇന്ത്യന്‍ സ്വച്ഛത ലീഗിന്റെ (ഐ.എസ്.എല്‍ 2.0) ഭാഗമായി സൈക്കിള്‍ റാലിയും ഭാരതപ്പുഴയുടെ നമ്പറം ഭാഗത്ത് മാസ് ശുചീകരണവും നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് കൈമാറി. ഇവ മറ്റ് വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കും. ഇതോടൊപ്പം വൃത്തിയാക്കിയ ഇടങ്ങളില്‍നിന്നും സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും മുളതൈകള്‍ വാങ്ങി നടാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സൈക്കിള്‍ റാലി പട്ടാമ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ടി.പി ഷാജി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ടി റുക്കിയ, നഗരസഭാ സെക്രട്ടറി ബ്ലെസി സെബാസ്റ്റ്യന്‍, സൂപ്രണ്ട് കെ.എം ഹമീദ്, നഗരസഭ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.