കുട്ടികളിലെ ആരംഭ ദശയിലുള്ള കുഷ്ഠരോഗനിർണ്ണയ പരിപാടിയായ ബാല മിത്ര 2.O ജില്ലാതല ഉദ്ഘാടനം പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ കെ.ബാബു എംഎൽഎ നിർവഹിച്ചു. ആരോഗ്യ വകുപ്പിന്റെ നിരന്തരമായ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ കുഷ്ഠരോഗ ബാധിതർ സമൂഹത്തിൽ നേരിടുന്ന ഒറ്റപ്പെടലിനെ ഒരു പരിധിവരെ തടയാൻ സാധിച്ചിട്ടുണ്ടെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു. സമൂഹത്തിൽ നിന്നും കുഷ്ഠരോഗത്തെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനായി ബാലമിത്ര പരിപാടിയിൽ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുഷ്ഠ രോഗം തുടക്കത്തില്‍ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് ബാല മിത്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നവംബർ 30 വരെ രണ്ടു മാസകാലയളവിലാണ് പരിപാടി നടത്തുന്നത്.എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത നോഡല്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള ചികിത്സയും ഉറപ്പുവരുത്തും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്, ഉദയംപേരൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ ആശ വിഷയാവതരണം നടത്തി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സവിത, മെഡിക്കൽ ഓഫീസർ ഡോ.അപ്പു സിറിയക്, ഉദയംപേരൂർ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഐ.കെ സാവിത്രി, ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.