മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 17 പേരുടെയും നിപ പരിശോധന ഫലം നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ജില്ലാ നിപ കൺട്രോൾ സെല്ലിൽ ഇതു വരെ ഇരുപത് പേർ ബന്ധപ്പെയുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലിരിക്കുന്ന അഞ്ച് പേർക്ക് കൗൺസലിംഗ് സേവനങ്ങൾ നൽകി.
നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ കൺട്രോൾ സെല്ലിന്റെ 0483 273 4066 എന്ന നമ്പറിൽ ബന്ധപ്പെടാം. കൗൺസിലിംഗ് സഹായത്തിനായി 7593843625 നമ്പറിൽ വിളിക്കാം.