ഗോത്രവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ പദ്ധതിയുടെ (എ.ബി.സി.ഡി) പൈലറ്റ് പ്രൊജക്ട് അമരമ്പലം പഞ്ചായത്തിൽ നടപ്പാക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പദ്ധതിയുടെ അവലോകന യോഗം അസിസ്റ്റന്റ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ പി.ജി ഗോകുൽ പദ്ധതി വിശദീകരിച്ചു
. പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.ടി മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, അക്ഷയ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നതാണ് എ.ബി.സി.ഡി പദ്ധതി. ആധാർ കാർഡ്, റേഷൻ കാർഡ്, യു.ഡി ഐ.ഡി കാർഡ്, വോട്ടേഴ്സ് ഐ.ഡി, ജനന സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഗോത്രവർഗക്കാർക്ക് ലഭ്യമാക്കുക എന്നതാണ് എ.ബി.സി.ഡി കൊണ്ട് ലക്ഷ്യമിടുന്നത്.
ജില്ലയിലെ കൂടുതൽ പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.എസ്. ശ്രീരേഖ, നാർക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശൻ പി പടന്നയിൽ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയറക്ടർ പി.ജി വിജയകുമാർ, എംപ്ലോയ്മെന്റ് ഓഫീസർ കെ. ശൈലേഷ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു