ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കുഷ്ഠരോഗം പ്രാരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര പദ്ധതിക്ക് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.
രോഗം തുടക്കത്തില്‍ കണ്ടത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് ബാലമിത്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . അങ്കണവാടികളിൽ മുതൽ സ്കൂളുകളിൽ വരെ രണ്ടുമാസകാലയളവിൽ പരിപാടി നടപ്പിലാക്കും . എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കുന്ന നോഡല്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നല്‍കും.
രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള ചികിത്സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെയും പരിശോധിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുക.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, പഞ്ചായത്ത് അംഗങ്ങളായ കെ. സി. മാർട്ടിൻ, സി. പി. മുഹമ്മദ്, കെ. പി. അനൂപ്, ജാരിയ കബീർ, മീന വേലായുധൻ, മെഡിക്കൽ ഓഫീസർ ഗ്ലെൺസൺ കെ. ജോസഫ് എന്നിവർ പങ്കെടുത്തു.