വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ നൂതന വിദ്യാഭ്യാസ സൗകര്യങ്ങള്‍ രാജ്യത്തിന് മാതൃകയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ചിതറ സര്‍ക്കാര്‍ എല്‍പി ആന്റ് പ്രീ പ്രൈമറി സ്‌കൂളില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ സ്‌കൂള്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആധുനിക സൗകര്യങ്ങളോട് കൂടിയ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികള്‍ പഠിക്കാനെത്തുന്നത് സര്‍ക്കാരിന്റെ നേട്ടമാണ്. വര്‍ണക്കൂടാരം പോലുള്ള പദ്ധതികള്‍ കുട്ടികളെ മടികൂടാതെ സന്തോഷമായി സ്‌കൂളില്‍ എത്തുന്നതിന് കാരണമാകുന്നു. സൗജന്യ ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം, ആധുനിക സൗകര്യങ്ങള്‍ തുടങ്ങിയവയിലൂടെ മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.സമഗ്രശിക്ഷ കേരളയുടെ സ്റ്റാഴ്സ് പദ്ധതി പ്രകാരം ലഭിച്ച 10ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരം നിര്‍മിച്ചത്. നാലുമുറികള്‍, പാര്‍ക്ക് എന്നിവിടങ്ങളിലായി ഗണിതയിടം സംഗീതയിടം കുഞ്ഞരങ്ങ്, ഭാഷയിടം നിര്‍മിതിയിടം, സ്ലീപ്പിങ് ഏരിയ, കളിയിടം എന്നിവയാണ് സജ്ജമാക്കിയത്. കുരുന്നുകള്‍ക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന പദ്ധതിയാണ് വര്‍ണക്കൂടാരം.

ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി അധ്യക്ഷനായി. സ്‌കൂള്‍ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഉഷ ഉദ്ഘാടനം ചെയ്തു. വായനകുറിപ്പ് പതിപ്പിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് അരുണ്‍ കുമാര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മൂട്ടി മോഹനന്‍ വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ലക്ഷ്മി പ്രസാദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കരകുളം ബാബു, ചിതറ എസ് സി ബി പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, ചടയമംഗലം എഇഒ ആര്‍ ബിജു, ബിപിസി ആര്‍ രാജേഷ്, മദര്‍ പിടിഎ പ്രസിഡന്റ് വി സൂര്യ, പിടിഎ പ്രസിഡന്റ് പി ഗിരീഷ്, പ്രഥമഅധ്യാപകന്‍ ബി രാജു, സ്റ്റാഫ് സെക്രട്ടറി എസ് എസ് ഷെറിന്‍, ഐറിന്‍ ദീപ,സി എം അനുഷ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.