• ക്ഷേമനിധി ആനുകൂല്യങ്ങൾ പടിപടിയായി വർധിപ്പിക്കും
  • വർധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്റെയും, തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു

ഇ-പേയ്‌മെൻറ്, ഇ-സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ രജിസ്‌ട്രേഷൻ വകുപ്പിലെ ക്രമക്കേടുകൾ കുറയ്ക്കാനായതായി രജിസ്‌ട്രേഷൻ-പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങൾക്ക് വർധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്റെയും, ലൈസൻസികളുടെ തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കാലാനുസൃതമായി പടിപടിയായി ഇനിയും കൂട്ടും.
ചികിത്‌സാസഹായം 25,000 രൂപ വീതം അഞ്ച്തവണ നൽകിവരുന്നത് 50,000 രൂപയാക്കി വർധിപ്പിച്ചു. വിവാഹധനസഹായം 5,000 രൂപയായിരുന്നത് 10,000 രൂപയാക്കി. മരണാനന്തര ആനുകൂല്യം ഒരുലക്ഷം രൂപയായിരുന്നത് രണ്ടുലക്ഷമാക്കി ഉയർത്തി. പരമാവധി പെൻഷൻ ആയിരത്തിൽനിന്ന് രണ്ടായിരം രൂപയാക്കി. വിദ്യാഭ്യാസ വായ്പ മൂന്നുലക്ഷംവരെയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധിയിൽ സർക്കാർ വിഹിതം കൂടി അനുവദിക്കാനുള്ള ശ്രമങ്ങൾ നടത്തും. ക്ഷേമനിധി നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ സംഘടനങ്ങളുടെ അഭിപ്രായമാരാഞ്ഞ് തീരുമാനിക്കും.
ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർമാരുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിൽ രജിസ്‌ട്രേഷൻ വകുപ്പിൽ ആധുനികവത്കരണം നടത്തുന്നത്. ആധാരമെഴുത്ത് ഭാഷ ലളിതവും സുതാര്യവുമാകേണ്ടതുണ്ട്. ഇതിന് സംഘടനകൾ മുൻകൈയെടുക്കണം. ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമായി വന്ന ഭാഷ സാധാരണക്കാർക്ക് മനസിലാകാത്തതാണ്. ആധുനികസാങ്കേതികവിദ്യകൾ ഉപയോഗിക്കാനാകുംവിധം ആധാരമെഴുത്ത് ഓഫീസുകളും കമ്പ്യൂട്ടർവത്കരിച്ച് പരിഷ്‌കരിക്കപ്പെടണം.
രജിസ്‌ട്രേഷൻ, പൊതുമരാമത്ത് വകുപ്പുകളിൽ സമഗ്രമായ പരിഷ്‌കരണത്തിന് ലക്ഷ്യമിട്ടുള്ള നടപടികളാണ് കൈക്കൊണ്ടുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നികുതി വകുപ്പ് സെക്രട്ടറിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ മിൻഹാജ് ആലം അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ ഐ.ജി സി.എ. ലത, എ.കെ.ഡി.ഡബ്ല്യു. ആൻറ് എസ്.എ സംസ്ഥാന പ്രസിഡൻറ് കെ.ജി. ഇന്ദുകലാധരൻ, ബോർഡ് അംഗങ്ങളായ ആർ. രാജശേഖരക്കുറുപ്പ്, എൻ.കെ. സുധാകരൻ നായർ, സി. വിഭൂഷണൻ നായർ, വി. അംബിക, ടി. മധു, ബോർഡ് സെക്രട്ടറി പി.കെ. സാജൻ കുമാർ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽമാരായ വി.എം. ഉണ്ണി, കെ.എൻ. സുമംഗലാദേവി തുടങ്ങിയവർ സംബന്ധിച്ചു.