പട്ടികജാതി വിദ്യാർത്ഥികളുടെ വീടിനോട് ചേർന്ന് പഠനമുറിയും പട്ടികവർഗ ഊരുകളിൽ കമ്മ്യൂണിറ്റി പഠനമുറിയും ഒരുക്കുന്നതിലൂടെ പഠനനിലവാരം ഉയർത്താൻ സാധിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായ ക്ഷേമ മന്ത്രി എ. കെ. ബാലൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ എം. ആർ. എസ്, ഹോസ്റ്റൽ കായികമേള കളിക്കളത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പട്ടികജാതി വിദ്യാർത്ഥികൾക്ക് 25000 പഠനമുറികൾ ഒരുക്കും. രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. പട്ടികവർഗ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കമ്മ്യൂണിറ്റി പഠനമുറികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. ഇതിൽ ഷെൽഫ്, കമ്പ്യൂട്ടർ, മേശ, കസേര എന്നിവയുണ്ടാവും.
ആദിവാസി വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ടി. ടി. സി, ബി. എഡ് യോഗ്യതയുള്ള ആദിവാസി ഉദ്യോഗാർത്ഥികൾക്ക് വയനാട് ജില്ലയിൽ ജോലി നൽകിയിരുന്നു. ഇത് കേരളം മുഴുവൻ വ്യാപിപ്പിക്കും. ആദിവാസി കുട്ടികൾക്ക് അവരുടെതന്നെ ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. ഈ വിഭാഗത്തിൽ നിന്നുള്ള അദ്ധ്യാപകരെ നിയോഗിക്കുന്നതിലൂടെ ഇത് സാധ്യമാകും. എസ്. എസി, എസ്. ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ കായികരംഗത്ത് ഉയർത്തിക്കൊണ്ടുവരുന്നതിന് കൂടുതൽ കായിക എം. ആർ. എസുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. പാലക്കാട് മെഡിക്കൽ കോളേജ് പരിസരത്ത് ഒരു കായിക എം. ആർ. എസ് സ്ഥാപിക്കും. സുൽത്താൻ ബത്തേരിയിൽ ഒരെണ്ണം പരിഗണനയിലാണ്. എല്ലാ എം. ആർ. എസുകളിലും കായികാധ്യാപകരെ നിയമിക്കും. എം. ആർ. എസുകളിലെയും ഹോസ്റ്റലുകളിലെയും ഭക്ഷണത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രിയും വിശിഷ്ട വ്യക്തികളും ചേർന്ന് വിതരണം ചെയ്തു.
എസ്. സി, എസ്.ടി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ ഡോ. കെ. വാസുകി, കായിക വകുപ്പ് ഡയറക്ടർ സഞ്ജയൻ കുമാർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, എൽ. എൻ. സി. പി. ഇ പ്രിൻസിപ്പൽ ജി. കിഷോർ എന്നിവർ പങ്കെടുത്തു.