പ്രത്യേക പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് നഗരസഭയില്‍ തുടക്കം. 42 ഇടങ്ങളിലായി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കന്റോണ്‍മെന്റ് മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു. നഗരത്തെ പേവിഷവിമുക്തമാക്കാന്‍ വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന്‍, ലൈസന്‍സിംഗ്, ചിപ്പ്ഘടിപ്പിക്കല്‍, തെരുവ്‌നായ്ക്കളുടെ കുത്തിവയ്പ്, പ്രജനനനിയന്ത്രണ ശസ്ത്രക്രിയ കേന്ദ്രങ്ങള്‍ എന്നിവയടങ്ങുന്ന സമഗ്രപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.

സെപ്തംബര്‍ 30 വരെ നീളുന്ന ക്യാമ്പുകളില്‍ സാക്ഷ്യപത്രങ്ങളും ലൈസന്‍സും നല്കും. കൗണ്‍സിലര്‍ എ.കെ. സവാദ് അധ്യക്ഷനായി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, കൗണ്‍സിലര്‍ നിസാമുദീന്‍, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി.ഷൈന്‍കുമാര്‍, നഗരസഭ വെറ്ററിനറി സര്‍ജന്‍ ഡോ. ചിഞ്ചു ബോസ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍കുമാര്‍, ഡോ. കിരണ്‍ ബാബു, ഡോ.എസ്.ഷീജ, ആര്യ സുലോചനന്‍, ഗീതാ റാണി, നിഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.