ലോക അല്‍ഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സാമൂഹ്യനീതി വകുപ്പ് എന്നിവ ക്യാമ്പയിന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി ‘ഓര്‍മ്മകളില്‍ ഇന്നലെകള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയംകൊണ്ട് ഇന്നിനെ സ്വന്തമാക്കുക’ എന്ന ആശയം ഉള്‍കൊള്ളിച്ച് പ്രശസ്ത ചിത്രകാരി പ്രതീക്ഷ സുബിന്‍ വരച്ച പെയിന്റിംഗ് അനാഛാദനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ബോധവത്കരണത്തിനായുള്ള ക്യാമ്പയിന്‍ പോസ്റ്റരും മന്ത്രി പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, അല്‍ഷൈമേഴ്സ് രോഗത്തിലേക്ക് വഴി വെക്കാവുന്ന 12 സാധ്യതാ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയും ബോധവത്കരണ സന്ദേശം നല്‍കുകയും ചെയ്തു. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ അല്‍ഷൈമേഴ്സ് രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം അളക്കുന്നതിനായി ജില്ലയിലെ വിവിധ കോളേജുകളില്‍ നടത്തിയ പ്രാഥമിക സര്‍വ്വേയുടെ ഫലം സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി സ്റ്റെഫി ഫ്രാന്‍സിസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ജോഷി കുര്യന്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ആര്‍ഡിഒയ്ക്ക് കൈമാറി.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍ സെന്റ് മേരീസ് സോഷ്യല്‍ വര്‍ക്ക് വിഭാഗം കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്യാമ്പയില്‍ മെറ്റീരിയല്‍സ് പ്രകാശനം ചെയ്തു. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി രാധാകൃഷ്ണന്‍ ‘അല്‍ഷൈമമേഴ്‌സിനെ അറിയുക, ഡിമെന്‍ഷ്യയെ അറിയുക’ എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ് നയിച്ചു.
സാമൂഹ്യനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് സിനോ സേവി, ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി രേഖ, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ ബിന്ദു, സിന്ധു സി സിദ്ധന്‍, സെക്ഷന്‍ ക്ലര്‍ക്ക് പി ആര്‍ രജിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ബ്രോഷര്‍, നോട്ടീസ് വിതരണം, പോസ്റ്റര്‍ പ്രചാരണം, ഓണ്‍ലൈന്‍ പ്രചാരണം, വെബിനാര്‍ തുടങ്ങിവ വരുംദിനങ്ങളില്‍ സംഘടിപ്പിക്കും.