18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗനിര്‍ണയം നടത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാലമിത്ര 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാര്‍ളിക്കാട് ഗവ. യു പി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി പി ശ്രീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ പദ്ധതി വിശദീകരണം നടത്തി.

കുട്ടികളിലെ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടു പിടിക്കുന്നതിനു വേണ്ടി 2022 -23 വര്‍ഷം നടപ്പിലാക്കിയ ബാലമിത്ര അംഗനവാടിയും സ്‌കൂള്‍ തല പദ്ധതിയും ഫലപ്രദമായിരുന്നു. ഈ വര്‍ഷം ബാലമിത്ര 2.0 എന്ന പേരില്‍ 2023 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജെഎച്ച്‌ഐ ദീപ കുമാര്‍ സംവിധാനം ചെയ്ത ‘ബാലമിത്ര’ എന്ന ബോധവത്ക്കരണ ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനവും പ്രദര്‍ശനവും നടന്നു. പാലക്കാട് ശരവണന്‍ ആന്‍ഡ് ടീം അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന, ഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

പരിപാടിയില്‍ വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍ അധ്യക്ഷയായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജീവ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ എം ജമീലാബി, ഡെപ്യൂട്ടി ഡിഎംഒ ഡോ. എന്‍ ഇ ഷീജ, എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സുഷമ, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സോണിയ ജോണി പി, എഎല്‍ഒ സന്തോഷ് വി, വടക്കാഞ്ചേരി സിഡിപിഒ ബേബി കെ കേളത്ത്, പാര്‍ളിക്കാട് ഗവ. യുപി സ്‌കൂള്‍ പ്രധാന അധ്യാപിക എം കെ ജിജി, എരുമപ്പെട്ടി സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ് ജേക്കബ്, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.