അഴീക്കോട് തീരദേശവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്ന പദ്ധതിയായ അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്റര്‍ പുനര്‍നിര്‍മ്മാണത്തിന് വഴി ഒരുങ്ങി. ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ഈ പദ്ധതി ചില നിയമ നടപടികളും കോടതി ഇടപെടലുകളും കാരണം മുടങ്ങി കിടക്കുകയായിരുന്നു.

കോടതി വിധി സര്‍ക്കാറിന് അനുകൂലമായതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ സര്‍ക്കാറിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ (ടെക്) പോത്തുരി നെഹറുവിന് കൈമാറി.

എറിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശീധരന്‍, ബ്ലോക്ക് മെമ്പര്‍മാരായ നൗഷാദ് കറുകപ്പാടത്ത്, അസ്ഫല്‍, വാര്‍ഡ് മെമ്പര്‍മാരായ സുമി ഷാജി, പ്രസീന റാഫി, അംബിക ശിവപ്രിയ, സാറാബി ഉമ്മര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിജി കെ തട്ടാംപുറം, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ഗായ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സാള്‍ട്ട് വി ജോര്‍ജ്ജ്, ഫാബി മോള്‍, അല്‍വി പി ഗോപാല്‍ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.