ജില്ലയില്‍ ഗാന്ധിജയന്തി വിപുലപരിപാടികളോടെ ആഘോഷിക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 7.15ന് ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ്ഹൗസിന് മുന്നില്‍ പദയാത്രയോടെ തുടക്കമാകും. നഗരത്തിലൂടെ ചിന്നക്കട-ബീച്ച്‌റോഡ്‌വഴി ഗാന്ധിപാര്‍ക്കില്‍ പദയാത്ര സമാപിക്കും. ആയിരത്തോളം സ്‌കൂള്‍-കോളജ്-നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍ സി സി-എന്‍ എസ് എസ് കെഡറ്റുകള്‍, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അണിചേരും.
പദയാത്ര എത്തിച്ചേരുന്നതോടെ ജില്ലാതല ആഘോഷ പരിപാടികള്‍ക്ക് ബീച്ചിന് മുന്നിലെ ഗാന്ധിപാര്‍ക്കില്‍ തുടക്കമാകും. പ്രമുഖ്യ വ്യക്തിത്വങ്ങള്‍ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പണം നടത്തും. ജയന്തി സമ്മേളനത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പടെ ജനപ്രതിനിധികളും ഗാന്ധീയരും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരും പങ്കെടുക്കും. സര്‍വമത പ്രാര്‍ഥനയോടെയാകും സമ്മേളനം തുടങ്ങുക. അന്നേദിവസം വിദ്യാര്‍ഥികള്‍ക്ക് ബസ്സുകളില്‍ കണ്‍സഷന്‍ അനുവദിക്കാനും എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലാഭരണകൂടം, ഗാന്ധി പീസ് ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇതര വകുപ്പുകളുടേയും വ്യാപാരി വ്യവസായി സംഘടനകളുടേയും സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.