‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ഫാം പ്ലാൻ അധിഷ്ഠിത മാതൃകാ കൃഷിത്തോട്ടം ഒരുക്കൽ തുടങ്ങി. പത്തു കർഷകരുടെ കൃഷിയിടങ്ങളിലായി 10 യൂണിറ്റുകളാണ് പ്രാരംഭ ഘട്ടത്തിൽ മാതൃകാ പ്രദർശനത്തോട്ടങ്ങളാക്കി മാറ്റുന്നത്. തത്തപ്പിള്ളിയിലെ മികച്ച കർഷകനായ ഷൈൻ വലിയാറയുടെ കൃഷിയിടത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ റെഡ് ലേഡി പപ്പായയും , ജാതിയും , കവുങ്ങും , റംബൂട്ടാനും പദ്ധതി പ്രകാരം പുതുതായി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ. എ സുമയ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
കൃഷിയിടത്തിനനുയോജ്യമായ ഫാം പ്ലാൻ സമഗ്രമായി തയാറാക്കി അതിലൂടെ മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കുകയും വിദഗ്ധരുടെ നിർദ്ദേശത്തോടു കൂടി ഫാം പ്ലാൻ തയാറാക്കി അനുയോജ്യ ഘടകങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സംയോജിത കൃഷിയിടം രൂപപ്പെടുത്തിയെടുത്ത് കർഷകരുടെ വരുമാനം പരമാവധിയാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ സാങ്കേതിക വിദഗ്ധരുടെ സേവനവും ആവശ്യമായ പരിശീനവും, ഫണ്ട് കണ്ടെത്തുന്നതിനുള്ള സഹായവും പദ്ധതിയിൽ ഉറപ്പുവരുത്തിട്ടുണ്ട്.
കർഷകർക്കാവശ്യമായ സാധന- സേവനങ്ങളും, സമയോചിതമായി നൽകി കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ വിപണനത്തിനായി ബ്ലോക്കടിസ്ഥാനത്തിൽ ഫാർമർ പ്രൊഡ്യുസർ കമ്പനിയിലൂടെ വിറ്റഴിക്കും. ഇതിനായി കാർഷിക സർവ്വകലാശാലയും മറ്റു ഗവേഷണ ധനകാര്യ സ്ഥാപനങ്ങളേയും യോജിപ്പിച്ചുള്ള ഒരു നടത്തിപ്പ് സംവിധാനമാണ് കൃഷി വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം സുനിതാ ബാലൻ , കൃഷിഓഫീസർ അതുൽ ബി മണപ്പാടൻ , കൃഷിഅസിസ്റ്റന്റ് എസ്. കെ ഷിനു കർഷകർ തുടങ്ങിയവർ സന്നിഹിതരായി.