ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യജീവിവാരഘോഷത്തോട് അനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളിൽ നിന്നായി വർണ്ണഭമായ രണ്ട് ഘോഷയാത്രകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വാരാഘോഷത്തിൽ വനം-മൃഗശാല – വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ 3 മന്ത്രിമാരും അടക്കം 6 മന്ത്രിമാർ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്ര അടക്കമുള്ളവ സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങുന്ന 8 സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. സബ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ വാർഡ്തല കമ്മിറ്റികൾ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗീസ്, ഡയറക്ടർ ആർ. കീർത്തി, സിസിഎഫ് കെ.ആർ അനൂപ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ മുതൽ ആരംഭിക്കുന്ന പക്ഷികളുടെ ഷിഫ്റ്റിംഗ് ജനുവരിയോട് കൂടി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.