സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ക്ലാസ് റൂം അനുഭവങ്ങള്‍ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ വെര്‍ച്വല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റവും മികവാര്‍ന്ന വിദ്യാഭ്യാസ സാഹചര്യങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലേക്ക് പോകാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ ഇരുന്ന് പഠിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പഠനപ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

സാങ്കേതികവിദ്യയെ സാധ്യമാക്കിക്കൊണ്ട് വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് സ്‌കൂള്‍ അന്തരീക്ഷത്തില്‍ എന്നപോലെ പഠിക്കുവാനും അധ്യാപകരുമായി സംവദിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും വെര്‍ച്വല്‍ ക്ലാസുകളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാട്ടൂര്‍ പഞ്ചായത്തിലെ തിയാത്തുപറമ്പില്‍ വീട്ടില്‍ അജയന്റെയും ഷൈലജയുടെയും മകനായ ആറാം ക്ലാസില്‍ പഠിക്കുന്ന അജിത്തിനാണ് വെര്‍ച്ചല്‍ ക്ലാസ് റൂം സംവിധാനം മന്ത്രി പരിചയപ്പെടുത്തിയത്. ഇതിനായി ടാബും അനുബന്ധ സംവിധാനങ്ങളും ഒരിക്കിയിട്ടുണ്ട്. കരാഞ്ചിറ സെന്റ് ജോര്‍ജ് സി.യു.പി.എസ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍ണ്ണ പിന്തുണയോടെ അജിത്തിനൊപ്പമുണ്ട്.

മന്ത്രി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സസ്‌നേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ അജിത്തിന്റെ കുടുംബത്തിന് ഭദ്രമായ വീട് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കമറുദ്ദീന്‍, പഞ്ചായത്തംഗം വിമല സുഗുണന്‍, പ്രധാന അധ്യാപിക സിസ്റ്റര്‍ അന്‍സ, അധ്യാപകന്‍ എം.ആര്‍ സനോജ്, ഇരിങ്ങാലക്കുട ബി.ആര്‍.സി ബി.പി.സി കെ.ആര്‍ സത്യപാലന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിബി ജോര്‍ജ്, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ രാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.