സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍, ആര്‍ത്തവ രോഗങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘ഷീ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം കരവാളൂര്‍ കോയിപ്പുറം ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സി എസ് പ്രദീപ്, ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ആശാറാണി, കുളക്കട സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷീബ റെജികുമാര്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാംപ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഭവനാ മുരളി ഉദ്ഘാടനം ചെയ്തു. 300 രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സയും മരുന്ന് വിതരണവും നടത്തി. തുടര്‍ ചികിത്സക്കായി ജില്ലാ ആശുപത്രി, താലൂക്ക് സര്‍ക്കാര്‍, എന്‍ എച്ച് എം ഡിസ്‌പെന്‍സറികള്‍ ആശുപത്രികള്‍ എന്നിവയിലേക്ക് നിര്‍ദേശിച്ചു.

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍പിള്ള, ജി എസ് ലക്ഷ്മി, എ ഗോപി, ആര്‍ ബിന്ദു, എ സി ജോസ്, കെ സി അശോക് കുമാര്‍, ചെല്ലപ്പന്‍, യോഹന്നാന്‍കുട്ടി, ജിഷാ മുരളി, പ്രകാശ് കുമാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.