കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കും :മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സർവീസുകൾ വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയുടെ നവീകരിച്ച ഓഫീസിന്റെയും യാർഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കെ എസ് ആർ ടി സി .ജനകീയ പ്രസ്ഥാനമാണെന്നും അതിന്റെ വളർച്ചക്ക് ജനകീയ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞു. ചാത്തന്നൂർ- പൊഴിക്കര- ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ, നെല്ലേറ്റിൽ-സിവിൽ സ്റ്റേഷൻ, ചാത്തന്നൂർ-കരിങ്ങന്നൂർ-കരുനാഗപ്പള്ളി എന്നീ സർവീസുകൾ ഉടൻ പുനരാരംഭിക്കും.

സാധാരണക്കാരന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഗ്രാമവണ്ടി പദ്ധതിയിലൂടെ സാധിച്ചു. വോൾവോ, സ്വിഫ്റ്റ്, ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തി. വരുമാനം വർദ്ധിപ്പിക്കുന്നതിനായി ലോജിസ്റ്റിക് സർവീസ്,ബഡ്‌ജറ്റ് ടൂറിസം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.”ജനപക്ഷം ചാത്തന്നൂർ ജനസൗഹൃദ സർക്കാർ ഓഫീസുകൾ” പദ്ധതിയിൽ ഉൾപ്പെടുത്തി ജി എസ് ജയലാൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചാണ് ഡിപ്പോ നവീകരിച്ചത്.

ജി എസ് ജയലാൽ എം എൽ എ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എം പി, കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി ദിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം ആർ സന്തോഷ്, പി ഡബ്ല്യു ഡി എക്സ്ക്യൂട്ടിവ് എൻഞ്ചീനിയർ റ്റി എസ് ജ്യോതീന്ദ്രനാഥ്, എക്സിക്യൂട്ടിവ് ഡയറക്ടർ സൗത്ത്സോൺ ജി അനിൽകുമാർ, ക്ലസ്റ്റർ ഓഫീസർ റ്റി എ ഉബൈദ്, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, കെ എസ് ആർ ടി സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.