ശുചിത്വ, സുന്ദര നഗരമായ ബത്തേരിയിൽ ബുലെ വാർഡ് പദ്ധതി യാഥാർത്യമാകുന്നു. ബത്തേരി ചുങ്കം ജംഗ്ഷൻ മുതൽ ബ്ലോക്ക് ഓഫീസ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റോഡിന് ഇരുവശവും മരങ്ങൾക്കിടയിലൂടെ നടപ്പാതയും അതിൽ ഇരിപ്പിടങ്ങളും സൈക്കിൾ ട്രാക്കുകളും, കഫ്റ്റീരിയ, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, തുടങ്ങിയ വിനോദ വിശ്രമ കായിക ഇടങ്ങൾ തുടങ്ങിയവയാണ് ബുലെ വാർഡിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.

12 കോടി രൂപ ചെലവിൽ വരുന്ന പദ്ധതിയാണ് ബുലെവാർഡ്. വിദേശരാജ്യങ്ങളിലുള്ള ബുലെവാർഡ് പദ്ധതികളെ മാതൃകയാക്കി നഗരസഭ സമർപ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സാങ്കേതിക അനുമതി കൂടി ലഭിച്ചതോടെ പ്രവർത്തി ഉടൻ ആരംഭിക്കും. റോഡിന് ഇരുവശവും ടൈൽ പാകി പ്രഭാത സവാരിക്ക് ഉൾപ്പെടെ പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ഉപയോഗപ്രദമായ രീതിയിൽ ആയിരിക്കും ബുലെവാർഡ് പദ്ധതി യാഥാർത്യമാക്കുക.