സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ് ഉദ്ഘാടനം ചെയ്തു

ഒരു ജലവൈദ്യുത പദ്ധതി ലാഭകരമായി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചതിലൂടെ ജില്ലാ പഞ്ചായത്ത് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് വൈദ്യുതി ഉത്പാദന പദ്ധതിയിലേക്ക് മുന്നിട്ടിറങ്ങുന്നത്. ധീരവും സാഹസികവുമായ തീരുമാനമാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് സ്വീകരിച്ചത്. ആ തീരുമാനം രാജ്യത്തിനാകെ മാതൃകയാണ്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വേറിട്ട് നില്‍ക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഈ പദ്ധതിക്ക് പുറമേ ഒരു മെഗാ വാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയും ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്.

കൂടം, മീന്‍വല്ലം ട്ടൈല്‍ റൈസ് പദ്ധതി, ലോവര്‍ വട്ടപ്പാറ തുടങ്ങിയ പ്രോജക്ടുകള്‍ക്കുള്ള എല്ലാവിധ പിന്തുണയും തദ്ദേശ വകുപ്പ് ഉറപ്പ് നല്‍കുന്നതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ആവശ്യമുള്ള സാഹചര്യങ്ങളില്‍ അതുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനം പ്രാദേശിക സര്‍ക്കാരാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിനായി അടിസ്ഥാന സൗകര്യ-ഉത്പാദന മേഖലകളിലെ ഇടപെടല്‍ വര്‍ധിപ്പിക്കണം, സ്വന്തം ഉത്പാദനം, തൊഴില്‍ വരുമാനം സൃഷ്ടിക്കുക എന്നത് തദ്ദേശസ്ഥാപനങ്ങളുടെ കൂടി ഉത്തരവാദിത്തമായി മാറുകയാണ്. ഊര്‍ജോത്പാദനം, വരുമാനം വര്‍ധിപ്പിക്കല്‍, തൊഴിലും ജീവനോപാധികളും സൃഷ്ടിക്കല്‍ എന്നിവക്കെല്ലാം ഇതുപോലുള്ള പദ്ധതികള്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂര്‍ത്തീകരണ തീയതി ലക്ഷ്യമാക്കി പദ്ധതികള്‍ ആരംഭിക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഒരു പ്രോജക്ട് തുടങ്ങുന്നതിന് മുന്‍പ് അത് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ലക്ഷ്യം വെച്ച് നീങ്ങിയാല്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട് ജില്ലാ പഞ്ചായത്തിന് തന്നെ ചെയ്യാന്‍ സാധിക്കുന്ന പ്രോജക്ട് ആണ് വട്ടപ്പാറ. ഒരു പ്രോജക്ട് ഏറ്റെടുത്താല്‍ എന്ന് ഉദ്ഘാടനം നടത്താനാവുമെന്ന് വിലയിരുത്തി വേണം പണി തുടങ്ങാന്‍. ദീര്‍ഘകാലം എടുക്കാതെ വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചെയര്‍മാന്‍ ടി.എന്‍ കണ്ടമുത്തന്‍, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചീഫ് എന്‍ജിനീയര്‍ ഇ.സി. പത്മരാജന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, പി.എസ്.എച്ച്.സി.എല്‍ ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു, ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.