വിഷമുക്ത കാര്‍ഷികോത്പന്നങ്ങള്‍ നിര്‍മ്മിക്കുക, മറന്നുപോയ പരമ്പരാഗത കൃഷിരീതികള്‍ തിരികെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്കിന്റെ ജീവനം 2023 കാര്‍ഷിക മേളക്ക് തുടക്കമായി.  കൊല്ലങ്കോട് ഇ.എം.എസ്. യൂട്ടിലിറ്റി പാര്‍ക്കില്‍ നടക്കുന്ന മേള കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മേളയില്‍ വിവിധ പഞ്ചായത്തുകളുടെ കാര്‍ഷിക പ്രദര്‍ശനവും കലാ സാംസ്‌കാരിക പരിപാടികളും നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിള ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നെല്‍വിത്തുകള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ചിരട്ട, മുള എന്നിവയുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം കൂടാതെ ബ്ലോക്കിന് കീഴില്‍ വരുന്ന കൃഷിഭവനുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ അധ്യക്ഷനായി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ ശാലി കറുപ്പേഷ്, കൊല്ലങ്കോട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത സാമുവല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍.ആര്‍ മുരളി, കൊല്ലങ്കോട് കൃഷി ഓഫീസര്‍ എം. രാഹുല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.