സംസ്ഥാന ജലസേചന വകുപ്പിന്റെ ഹരിത കേരളം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുതുതല ഗ്രാമപഞ്ചായത്തിലെ കാരക്കുളം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 45 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. ഒന്നാംഘട്ടത്തില്‍ കുളത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനായി ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളും കുളത്തിന്റെ മൂന്നുവശവും സംരക്ഷിക്കുന്നതിനായി കരിങ്കല്‍ ഉപയോഗിച്ച് സംരക്ഷണ ഭിത്തികളും ഒരു വശത്തായി കോണ്‍ക്രീറ്റ് ഭിത്തിയും നിര്‍മ്മിച്ചു.

രണ്ടാംഘട്ടത്തില്‍ കുളത്തിലേക്ക് ഇറങ്ങുന്നതിനുള്ള കടവ്, ചുറ്റുഭാഗത്തും സംരക്ഷണ ഭിത്തിയുടെ മുകള്‍ ഭാഗങ്ങളിലായി സ്റ്റീല്‍ കൈവരികളും കുളത്തിന്റെ പടിഞ്ഞാറുവശം ചേര്‍ത്ത് നടപ്പാത എന്നീ പ്രവര്‍ത്തികളുമാണ് പൂര്‍ത്തീകരിച്ചത്. നവീകരണം കഴിഞ്ഞതോടെ ചുറ്റുമുള്ള 25 ഏക്കര്‍ സ്ഥലങ്ങളില്‍ ജലസേചനം ഉറപ്പുവരുത്താന്‍ സാധിച്ചു. മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അധ്യക്ഷയായ പരിപാടിയില്‍ ഷൊര്‍ണൂര്‍ എം.ഐ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ.കെ ബേബി മുംതാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. ചന്ദ്രമോഹനന്‍, സൈനുല്‍ ആബിദ്, സി.പി വനജ, ഓവര്‍സിയര്‍ റജീന വളപ്പില്‍, ടി. ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.