ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം ക്ലബ്, എൻ.സി.സി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങള്‍ക്ക് ജില്ലയിൽ തുടക്കമായി. മീനങ്ങാടി എൽദോ മോര്‍ ബസേലിയോസ് കോളേജിൽ നടന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ സെക്രട്ടറി കെ. ജി അജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ എം.എം സലീൽ അധ്യക്ഷത വഹിച്ചു.

ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് മാലിയിൽ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പഠിക്കുന്നതിനായി എത്തിയ 60 അംഗങ്ങള്‍ അടങ്ങിയ ടൂറിസം വിദ്യാര്‍ത്ഥികളുടെയും ആദ്ധ്യാപകരുടേയും സംഘത്തെ അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ വെച്ച് ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എൻ.ഐ ഷാജു സ്വീകരിച്ചു.

10 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലയിൽ നടക്കുക. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുളള പരിശീലനം, സെമിനാറുകള്‍, ടൂറിസം സംരംഭക പരിശീലനങ്ങള്‍, ആര്‍ട്ടിഫിഷൽ ഇന്റ്ലിജന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ നടക്കും. പരിപാടിയുടെ ഭാഗമായി ലോകവിനോദസഞ്ചാര ദിന ആശയ പ്രചരണ ഫ്‌ളാഷ് മോബ്, ടൂറിസം ക്ലബ്ബ് ലോഗോ പ്രകാശനം, സെമിനാര്‍ എന്നിവ നടന്നു. വയനാട് ടൂറിസം വിശദീകരണ യോഗത്തിൽ ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ ഉള്‍പ്പെടുത്തി ഡിടിപിസി നിര്‍മ്മിച്ച ഡോക്യൂമെന്റെറി പ്രദര്‍ശിപ്പിച്ചു. ലക്കിടി ഓറിയന്റൽ സ്‌കൂള്‍ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിലെ ടൂറിസം വിദ്യാര്‍ത്ഥികളുമായി മാലി സംഘം സംവദിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ടൂര്‍ ഓപ്പറേറ്ററായ വേയ്ക്ക് അപ്പ് വേക്കേഷന്‍സാണ് സംഘത്തെ ജില്ലയിൽ എത്തിച്ചത്.