മാലിന്യ സംസ്കരണത്തിൽ അഭിമാനകരമായ പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ‘മാലിന്യമുക്തം നവകേരളം’ മൂന്നാംഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കായുള്ള ആസൂത്രണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. എല്ലാവരുടെയും ഒരുമിച്ച കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കണം. വൃത്തിയാക്കിയ സ്ഥലങ്ങൾ തുടർന്ന് പരിപാലിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യനിർമാർജനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, റസിഡന്റ്സ് അ‌സോസിയേഷനുകൾ, വ്യാപാര വ്യവസായ സംഘടനകൾ തുടങ്ങിയ എല്ലാവരെയും പങ്കെടുപ്പിക്കണമെന്നും അ‌ദ്ദേഹം പറഞ്ഞു.

ജില്ലയിലെ മാലിന്യ സംസ്കരണത്തിൽ നല്ല മാറ്റം പ്രകടമാണെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾക്കെതിരെ ജനപ്രതിനിധികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ 1, 2 തീയതികളിൽ തീവ്ര ശുചീകരണ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണ​മെന്നും കളക്ടർ പറഞ്ഞു.
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡുകൾ നൽകുമെന്നും സ്കൂൾ തലത്തിൽ വിദ്യാർത്ഥികളിലും ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

മാലിന്യമുക്തം നവകേരളത്തിന്റെ മൂന്നാംഘട്ട തീവ്ര ശുചീകരണ ക്യാമ്പയിനായ ‘ഒന്നാകാം നന്നാക്കാം എറണാകുളത്തിന്റെ ആക്ഷൻ പ്ലാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. എം ഷെഫീഖ് യോഗത്തിൽ വിശദീകരിച്ചു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ നേടിയ നേട്ടങ്ങൾ നിലനിർത്തുക, കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുവെന്ന് ഉറപ്പുവരുത്തുക, ഒക്ടോബർ 1, 2 തീയതികളിൽ ആരംഭിക്കുന്ന തീവ്ര ശുചീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ പരമാവധി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക, ബ്ലോക്ക് തലത്തിൽ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.
ക്യാമ്പയിന്റെ മൂന്നാംഘട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എൻഎസ്എസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ഉറപ്പാക്കുക. പൊതുയിട, വഴിയോര മാലിന്യകൂനകൾ അടയാളപ്പെടുത്തുകയും പൊതുമാർക്കറ്റ്, മൈതാനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, മിനി സിവിൽ സ്റ്റേഷനുകൾ, പൊതുവിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തുകയും വേണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.
ആലുവ നഗരസഭ ചെയർമാൻ എം.ഒ ജോൺ, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. എം ഷെഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, മറ്റ് ജനപ്രതിനിധികൾ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, നവകേരളം മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.