96.12 ശതമാനം വോട്ടര്‍മാരെ നേരില്‍ക്കണ്ടു

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ച് തൃശൂര്‍ ജില്ല.

96.12 ശതമാനം വോട്ടര്‍മാരെയും ഗൃഹസന്ദര്‍ശനത്തിലൂടെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരില്‍ കണ്ട് പ്രവര്‍ത്തനം നടത്തിയാണ് ജില്ല അഭിമാന നേട്ടം കൈവരിച്ചത്. 95.58 ശതമാനവുമായി ഇടുക്കി ജില്ല രണ്ടാം സ്ഥാനത്തും 90.73 ശതമാനവുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്. പുതിയ വോട്ടര്‍മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരും താലൂക്ക്, ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഗൃഹസന്ദര്‍ശനം നടത്തിയതിന്റെ ഫലമായാണ് ഈ നേട്ടം കരസ്ഥമാക്കാനായത്.

ഗൃഹ സന്ദര്‍ശന വേളയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച് 2024 ജനുവരി അഞ്ചിന് പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയവരുടെയും വിവരങ്ങളും ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും ശേഖരിച്ച് അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കും.

ഇതിനു ശേഷമുള്ള കരട് വോട്ടര്‍ പട്ടിക 2023 ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിക്കും. കരടിന്‍ മേലുള്ള ആക്ഷേപങ്ങളും അവകാശങ്ങളും ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ ഒമ്പത് വരെ സ്വീകരിക്കും.മികച്ച പ്രവര്‍ത്തനത്തിലൂടെ ജില്ലയെ സംസ്ഥാനത്ത് ഒന്നാമതെത്തിച്ച ബി.എല്‍.ഒമാരെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അഭിനന്ദിച്ചു. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഈ മികവ് തുടരണമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ഗൃഹസന്ദര്‍ശനത്തിലൂടെ 100 ശതമാനം വോട്ടര്‍മാരെയും നേരില്‍ക്കണ്ട ബി.എല്‍.ഒമാരെ നേരത്തേ ജില്ലാ കളക്ടര്‍ ആദരിച്ചിരുന്നു.