ഏനാമാക്കല്‍ റെഗുലേറ്റര്‍ നവീകരണത്തിന് 8.59 കോടിയുടെ പദ്ധതി
തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് ഗതിവേഗം പകരുന്ന സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്. നേരത്തേ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ തുടര്‍ച്ചയെന്ന രീതിയിലായിരുന്നു അവലോകന യോഗം. അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും യോഗം വിലയിരുത്തി.
തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍ റെഗുലേറ്ററിന്റെ നവീകരണത്തിന് 8.59 കോടി രൂപയുടെയും ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണത്തിന് 5.04 കോടി രൂപയുടെയും പുതുക്കിയ ഭരണാനുമതി നല്‍കി. ചാലക്കുടി ആനക്കയം കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട് അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. വനാവകാശ നിയമപ്രകാരം ഇവര്‍ക്ക് ലഭിച്ച ഭൂമിക്ക് പകരമായി പോത്തുപാറയില്‍ 1.72 ഹെക്ടര്‍ ഭൂമിയാണ് നല്‍കുക. അതിരപ്പിള്ളി വീരാന്‍കുടി പട്ടികജാതി സങ്കേതത്തില്‍ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയും വേഗത്തിലാക്കും. വനാവകാശ നിയമ പ്രകാരം ഇവര്‍ക്ക് ലഭിച്ച ഭൂമിയ്ക്ക് പകരം ഞണ്ടുചുട്ടാന്‍ പാറയില്‍ ഭൂമി ലഭ്യമാക്കും. ഇതിനായി പട്ടിക വര്‍ഗ വകുപ്പുമായി ചേര്‍ന്ന് ഒക്ടോബര്‍ 3ന് സംയുക്ത പരിശോധന നടത്തും.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര പട്ടിക വര്‍ഗ സങ്കേതത്തിലുള്ളവര്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന് ഫോറസ്റ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും. ഭൂരഹിത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ച കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം, റോഡ് ,തെരുവ് വിളക്ക് എന്നിവ ഈ വര്‍ഷം തന്നെ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മരം മുറിച്ചു മാറ്റുന്നതിന് കാലതാമസം നേരിടുന്നതിലും മരങ്ങള്‍ക്ക് സോഷ്യല്‍ ഫോസ്ട്രി നിശ്ചയിക്കുന്ന ഭീമമായ വില സംബന്ധിച്ചും പൊതുമാനദണ്ഡം സ്വീകരിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈക്കൊള്ളാനും യോഗത്തില്‍ ധാരണയായി. ജില്ലയിലെ സെപ്റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കും. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുന്നതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ യോഗം തീരുമാനിച്ചു.
ചാലക്കുടി താലൂക്ക് പരിധിയിലെ മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മലക്കപ്പാറയില്‍ സ്ഥിരം ദുരിതാശ്വാസ ക്യാമ്പ് അനുവദിക്കുന്നതിന് വിശദമായ ഡി പി ആര്‍ നല്‍കാനും യോഗം നിര്‍ദ്ദേശിച്ചു. 2017 – 18 തൃപ്രയാര്‍ കാത്താണി ചാവക്കാട് റോഡ് വികസനമായി ബന്ധപ്പെട്ട പുതിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ മേഖലയില്‍ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് മുനയത്ത് സ്ഥിരം റെഗുലേറ്റര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഡിപിആര്‍ സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു.