ഇടപ്പള്ളി – മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും  സംയുക്ത പരിശോധന നടത്തും. ഹൈബി ഈഡൻ എം.പി.യുടെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കളക്ടർ, തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ, പി.ഡബ്യൂ.ഡി. ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒക്ടോബർ ആറ്, ഏഴ് തിയതികളിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ദൈനം ദിന പുരോഗതികൾ വിലയിരുത്തുന്നതിന് ഏകോപന സമിതി രൂപീകരിക്കും. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനും അ‌ടിയന്തരമായി നിലവിലുള്ള റോഡുകളിൽ ആവശ്യമുള്ളിടത്ത് അറ്റകുറ്റപ്പണികൾ നടത്താനും തീരുമാനിച്ചു.

കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, തദ്ദേശ സ്ഥാപനങ്ങളിലെ ജന്രപതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.