ഗ്രീൻഫീൽഡ് ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവർക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ലാൻഡ് റവന്യു കമ്മീഷണർ ഡോ. എ. കൗശിഗൻ. കളക്ടറേറ്റിൽ ചേർന്ന എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരം നൽകുന്നതിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ പരിശോധിക്കാൻ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഭൂമിയും വീടും നഷ്ടമാകുന്നവരുടെ പരാതികൾ നീതിപൂർവം പരിഹരിക്കണമെന്നും പരാതികളിൽ അനുഭാവപൂർവമായ സമീപനം വേണമെന്നും എം.എൽ.എമാരായ എ.പി അനിൽകുമാർ, ടി.വി ഇബ്രാഹിം, പി.കെ ബഷീർ, യു.എ ലത്തീഫ് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച പരാതികളും ലാൻഡ് റവന്യൂ കമ്മീഷണറെ നേരിട്ട് കണ്ട് പ്രദേശവാസികൾ നൽകിയ പരാതികളും പരിശോധിച്ച് നടപടി സ്വീകരിക്കും. ജില്ലാകലക്ടർ വി.ആർ പ്രേംകുമാർ, ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതല വഹിക്കുന്ന ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ അരുൺ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ വിപിൻ മധു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.