മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി., കെ.എം.ആർ.എൽ. എംഡി ലോക്നാഥ് ബഹ്റ എന്നിവർ വിശിഷ്ടാതിഥികളാകും.

ആശുപത്രിയുടെ പ്രധാന വാർഡുകളെയും ഓപ്പറേഷൻ തീയറ്ററിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 4 കോടി ചെലവഴിച്ചുള്ള റാമ്പ്, ഗുരുതരമായി പൊള്ളൽ ഏൽക്കുന്ന രോഗികൾക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായുള്ള 35 ലക്ഷം ചെലവഴിച്ചുള്ള ബേൺസ് യൂണിറ്റ്, മൃഗങ്ങളിൽ നിന്നും മുറിവേൽക്കുന്നവർക്കായുള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രിവന്റ്‌റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി വനിത ശിശു വികസന വകുപ്പിന്റെ ക്രഷ്, ഗൈനക്കോളജി വിഭാഗത്തിലെ വെയ്റ്റിംഗ് ഏരിയ, മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ്, ലിഫ്റ്റ് നവീകരണം, തിമിര ശാസ്ത്രക്രിയക്കുള്ള ഫാക്കോ ഇമ്മൽസിഫിക്കേഷൻ മെഷീൻ, ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലേക്കുള്ള സി ആം മെഷീൻ, സിസിടിവി സംവിധാനം, മെഡിക്കൽ എഡ്യൂക്കേഷൻ യൂണിറ്റ് & സ്‌കിൽ ലാബ്, നവീകരിച്ച വാർഡുകൾ, സ്ത്രീ വിശ്രമ കേന്ദ്രം തുടങ്ങിയവ സജ്ജമാക്കി.

ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ, റെറ്റിനൽ ലേസർ മെഷീൻ, ബ്ലഡ് കളക്ഷൻ യൂണിറ്റ്, ഇ ഹെൽത്ത്, ഇ ഓഫീസ്, എമർജൻസി ഓപ്പറേഷൻ തീയേറ്റർ, ഡി -അഡിക്ഷൻ യൂണിറ്റ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നേത്രരോഗ വിഭാഗത്തിലെ അപ്ലനേഷൻ ടോണോ മീറ്റർ, ഡയാലിസിസ് മെഷീനുകൾ, കാസ്പ് ഫാർമസി, ടോക്കൺ കൗണ്ടറുകൾ, ശിശുരോഗ വിഭാഗത്തിൽ സെന്റർ ഓഫ് എക്സലൻസ്, ടു വേ കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനു വേണ്ടിയുള്ള വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, ആശുപത്രിയിലെ സേവനം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായുള്ള ഫ്ളബോട്ടമി ടീം, ടെലഫോൺ എക്സ്ചേഞ്ച്, അനൗൺസ്‌മെന്റ് സംവിധാനം, മെട്രോ ബസ് സർവീസ്, നിർധന രോഗികൾക്കുള്ള ചികിത്സാ പദ്ധതിയായ മദദ്, ഗൈനക്കോളജി വിഭാഗത്തിന്റെ സമീപത്തുള്ള നവീകരിച്ച റാമ്പ്, സ്നേഹവസ്ത്രം പദ്ധതി, 24 മണിക്കൂർ പ്രവർത്തിക്കുന്ന കാന്റീനും കഫറ്റേരിയയും എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കും.