വിദ്യാഭ്യാസ മികവിന്റെ ദീർഘവും അഭിമാനകരവുമായ ചരിത്രമാണ് കേരളത്തിലുള്ളതെന്നും പൊതു വിദ്യാഭ്യാസത്തെ ജനങ്ങൾ ഏറ്റെടുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ചെറുകോൽ ശുഭാനന്ദാശ്രമത്തിന്റെ കാരുണ്യ പദ്ധതി പ്രകാരം നൽകിയ 3.5 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആശ്രമത്തിലുള്ളവർ ചെയ്തത് പോലുള്ള മാതൃക കേരളത്തിന് ആവശ്യമാണ്. കേരളത്തിലെ നിരവധി സന്നദ്ധ സംഘടനകൾ സ്കൂൾ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്നു. ചില സംഘടനകൾ പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഉന്നത വിജയം കൈവരിക്കുന്നവർക്കും വിവിധ തരത്തിലുള്ള സൗജന്യ സഹായങ്ങളും മറ്റു പിന്തുണയും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.സി കൃഷ്ണകുമാർ, നഗരസഭ കൗൺസിലർ ലളിതാ രവീന്ദ്രൻ, ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി ഗീതാനന്ദ സ്വാമി, പ്രിൻസിപ്പൽ ഡോ. ജി മുകുന്ദൻ നായർ, പ്രധാന അധ്യാപിക ഐ അനിത, പിടിഎ പ്രസിഡന്റ് കെ.എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.