ശുചീകരണത്തിൽ പങ്ക് ചേർന്ന് ആയിരങ്ങൾ
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിയിടോനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വ മിഷൻ, കുടുംബശ്രീ, നവകേരളം മിഷൻ, കില, കെ.എസ് .ഡബ്ല്യു. എം.പി, ക്ലീൻ കേരള കമ്പനി, വിദ്യഭാസ വകുപ്പ് മറ്റ് ഏജൻസികൾ എന്നിവയുടെ സഹകരണത്തിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, ലൈബ്രറികൾ,ക്‌ളബ്ബുകൾ, റെസിഡന്ഷ്യൽ അസോസിയേഷനുകൾ എന്നിവർ പങ്കാളികളായി.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 25 ലക്ഷം പേർ പങ്കെടുക്കുന്ന ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഓരോ വാർഡിൽനിന്നും കുറഞ്ഞത് 200 പേർ പങ്കെടുക്കുന്ന യജ്ഞത്തിൽ നഗരപ്രദേശങ്ങൾ, ബസ് സ്റ്റാൻഡ്, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കിയത്. വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഒക്ടോബർ 10 വരെ തുടരും.
വ്യാപാരസ്വകാര്യ സ്ഥാപനങ്ങളിൽ മാലിന്യപരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ 10 മുതൽ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിലയിരുത്തുകയും ഇനി ആവശ്യമുള്ളവ ഉടൻ പൂർത്തീകരിക്കുകയും ചെയ്യും. ചിക്കൻ കട്ടിങ് കേന്ദ്രങ്ങൾ 100 ശതമാനം ചിക്കൻ റെൻഡറിങ് ഏജൻസികളുമായി കരാർ വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കൽ, മാലിന്യക്കൂനകളുടെ സമ്പൂർണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യൽ തുടങ്ങിയവയും ഒക്ടോബറിൽ പൂർത്തിയാക്കും. 2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി നാടാകെ ശുചീകരണം നടത്തുകയും ജില്ലയിൽ 640 ഇടങ്ങൾ ശുദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കളക്ടറേറ്റ് പരിസരം ശുചീകരിച്ചു
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു
ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എഡിഎം എൻ.ഐ. ഷാജുവും കളക്ടറേറ്റ് ജീവനക്കാരും ശുചീകരണപ്രവർത്തികളിൽ പങ്കാളികളായി.