പത്തനംതിട്ട ജില്ലയിലെ ഗാന്ധിജയന്തി ദിനാഘോഷം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, എ.ഡി.എം. ബി. രാധാകൃഷ്ണന്‍  എന്നിവര്‍ പുഷ്പ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, മറ്റ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍  പങ്കാളികളായി.

സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കി ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും നാടിനെ മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ഇന്ത്യകാര്‍ക്ക് അവസരം ഒരുക്കിയ മഹാത്മാഗാന്ധി എന്നും സ്മരിക്കപ്പെടേണ്ട വ്യക്തിത്വമാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാവിലെ കളക്ടറേറ്റില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. എ.ഡി.എം, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.