കനത്തു പെയ്ത മഴയ്ക്ക് ‘തിരികെ സ്കൂളിലെ’ത്തിയ പെണ്‍കൂട്ടായ്മയുടെ ആവേശത്തെ തണുപ്പിക്കാനായില്ല. രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ കൗണ്ടറിലേക്ക് ഒറ്റയ്ക്കും കൂട്ടമായും വനിതകളെത്തി. കുഞ്ഞുങ്ങളുമായി എത്തിയവരും ഏറെയായിരുന്നു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മധുരം നല്‍കിയാണ് ക്ലാസ് മുറികളിലേക്ക് യാത്രയാക്കിയത്. ക്ലാസ് മുറികളിലേക്കെത്തിയവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിദ്യാര്‍ത്ഥിനികളായി മാറുകയായിരുന്നു. പരസ്പരം ചേര്‍ത്തു പിടിച്ചും വിശേഷങ്ങള്‍ കൈമാറിയും അവര്‍ ബെഞ്ചുകളില്‍ ഇരുന്നു.

ഉദ്ഘാടനത്തിന് മന്ത്രി എം.ബി രാജേഷ് എത്തിയതോടെ അംഗങ്ങള്‍ ആവേശത്തിലായി. ബെല്‍ മുഴങ്ങിയതോടെ അവര്‍ വരിയായി പ്രധാന വേദിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ലിയും കുടുംബശ്രീയുടെ മുദ്രഗീതാലാപനവും ശുചിത്വ പ്രതിജ്ഞയും നടന്നു. ഉദ്ഘാടന പരിപാടികൾക്ക് ശേഷം അനുസരണയുള്ള കുട്ടികളായി വരി തെറ്റിക്കാതെ അവര്‍ വീണ്ടും ക്ലാസ് മുറികളിലേക്ക്.

മന്ത്രി എം.ബി രാജേഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട്, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് എന്നിവര്‍ അംഗങ്ങള്‍ക്കൊപ്പമിരുന്ന് പരിശീലന പരിപാടി വീക്ഷിച്ചു. വൈകുന്നേരം നാലരയ്ക്ക് സ്കൂള്‍ വിട്ട ശേഷം പ്രധാന വേദിയില്‍ ‘പാലാപ്പള്ളി പതുപ്പള്ളി’ ഗാനത്തിനൊപ്പം പാടിയും നൃത്തം ചെയ്തും പഠനദിനം ആഘോഷമാക്കിയ ശേഷമാണ് കുടുംബശ്രീ വനിതകള്‍ തിരികെ പോയത്.