‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ച് ജില്ലയിലെ ബാങ്കുകൾ. പാലക്കാട്‌ ലീഡ് ബാങ്ക് കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തിയത്. പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരം, പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍, കോട്ട, മലമ്പുഴ ഗാര്‍ഡന്‍സ് പാര്‍ക്കിങ് ഏരിയ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു.

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസൻ, അർജുന അവാർഡ് ജേതാവ് പ്രീജ ശ്രീധരൻ, എസ്.ബി.ഐ ജനറൽ മാനേജർ തലച്ചൽ ശിവദാസ്, കനറാ ബാങ്ക് റീജിയണൽ ഹെഡ് ഗോവിന്ദ് ഹരി നാരായണൻ, എസ്.ബി.ഐ പാലക്കാട് റീജിയണൽ മാനേജർ കെ.ആർ അനന്തനാരായണൻ, പാലക്കാട് ലീഡ് ഡിസ്ട്രിക്ട് ഡിവിഷണൽ മാനേജർ ആർ.പി ശ്രീനാഥ് എന്നിവർ മുഖ്യാതിഥികളായി.

ജനപ്രതിനിധികൾ, ലീഡ് ബാങ്കായ കനറാ ബാങ്ക്, ഭാരതീയ സ്റ്റേറ്റ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇസാഫ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ധന്‍ലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാർ, വിവിധ സര്‍ക്കാര്‍ ഏജന്‍സികൾ, സന്നദ്ധ സംഘടനകൾ, റെയിൽവേ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഉൾപ്പെടെ ആയിരത്തോളം പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.ജനങ്ങളില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സ്വച്ഛ് ഭാരത് മിഷന്‍ പ്രചാരണത്തില്‍ പങ്കാളികളാക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.