ജൽ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്ത് 17 ലക്ഷം ഗ്രാമീണ ഭവനങ്ങളിലാണ് കുടിവെള്ളം എത്തിയിരുന്നത്. നിലവിൽ 71 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ 71 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനുള്ള ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കുടിവെള്ള പദ്ധതികള്‍ക്കായി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന ബ്രഹത് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞാറിൽ കുടയത്തൂർ പഞ്ചായത്തിന്റെ അധീനതയിൽ വോളി ബോൾ കോർട്ട് നവീകരിച്ച് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ 25 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മലങ്കരയിൽ ഇറിഗേഷൻ ടൂറിസം വികസനത്തിന്റെ ഭാഗമായി 3 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയ എ.കെ ഷാനു, തോമസ് വളവനാട്ട്, സൗമ്യ ജയചന്ദ്രൻ എന്നിവരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഇവർക്ക് സൗജന്യമായി കുടിവെള്ളം നൽകുമെന്നും മന്ത്രി അറിയിച്ചു. ദേശീയ -സംസ്ഥാന തലത്തിൽ നിർവധി മെഡൽ കരസ്ഥമാക്കിയ ചെസ് ബോക്സിംഗ് താരം ആൻജോ തോമസിനെയും അദ്ദേഹത്തിന്റെ കോച്ച് ഷാൻധനു വിജയനെയും ചടങ്ങിൽ ആദരിച്ചു.

അറക്കുളം

ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അറക്കുളം ഗ്രാമപഞ്ചായത്തും പൊതുജന പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയിലൂടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

96.11കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. അറക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണ ശൃംഖല സ്ഥാപിച്ച് 5462 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കല്‍, പുതിയ പമ്പ്‌സെറ്റ് അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം, ജല സംഭരണിയുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് നടപ്പാക്കുന്നത്.

കുടയത്തൂര്‍

കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44.32 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണ ശൃംഖല സ്ഥാപിച്ച് 3013 വീടുകളില്‍ കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യം. മലങ്കര ജലാശയത്തില്‍ നിലവിലുള്ള കിണറില്‍ നിന്നും ജലം ശേഖരിച്ച് മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടന്റെ (എംവിഐപി) ഭൂമിയില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിക്കുന്ന 11 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയില്‍ ജലം ശുദ്ധീകരിച്ച് കുടയത്തൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന ജലസംഭരണികള്‍ വഴി വീടുകളില്‍ കുടിവെള്ളമെത്തിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കുടയത്തൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലിന സിജോ, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, ത്രിതല പഞ്ചായത്തംഗങ്ങളായ ടോമി കാവാലം, മിനി ആന്റണി, കെ.എൻ ഷിയാസ്, ആശ റോജി, ബിന്ദു സിബി, എൻ ജെ ജോസഫ്, ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരൻ, സി.എസ് ശ്രീജിത്ത്, സിനി സാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുനിൽ സി.വി, ഫ്രാൻസിസ് പടിഞ്ഞാറിടത്ത്, ഫ്രാൻസിസ് കരിമ്പാനിയിൽ, അബ്ദുൾ അസീസ്, കെ.എൻ ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെയ്മോൻ കെ, മധ്യമേഖല ചീഫ് എഞ്ചിനീയര്‍ പി.കെ സലീം, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പ്രദീപ് വി.കെ എന്നിവർ സംസാരിച്ചു.