ഇടുക്കി ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വിലയിരുത്തി. ഇടുക്കി ,കോട്ടയം ,എറണാകുളം, ആലപ്പുഴ ജില്ലകളെ ഉള്‍ക്കൊള്ളിച്ച് എറണാകുളത്ത് നടന്ന മേഖലാതല അവലോകന യോഗമാണ് സൂചികകള്‍ അടിസ്ഥാനപ്പെടുത്തി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചത്. 2025 നവംബര്‍ മാസത്തോടെ ഇടുക്കി ജില്ലയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ആകെ 2665 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്.

അവകാശം അതിവേഗം പദ്ധതിയിലൂടെ ജില്ലയില്‍ 280 ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ആവശ്യമുള്ളവരെ കണ്ടെത്തുകയും 200 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത 124 പേരില്‍ 117 പേര്‍ക്ക് വിതരണം ചെയ്തു. 126 ആധാര്‍ കാര്‍ഡ് ഇല്ലാത്തവരെ കണ്ടെത്തി 117 പേര്‍ക്ക് ലഭ്യമാക്കി . റേഷന്‍ കാര്‍ഡ് ഇല്ലാത്ത 104 പേരെ കണ്ടെത്തി 98 പേര്‍ക്ക് വിതരണം ചെയ്തു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ആവശ്യമുള്ള 33 പേരെ കണ്ടെത്തി 30 പേര്‍ക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് ജോബ് കാര്‍ഡ് വിതരണത്തില്‍ 38 പേര്‍ക്ക് ഇല്ലെന്ന് കാണുകയും 34 പേര്‍ക്ക് വിതരണം ചെയ്തു. കൂടുതല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്.

പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാകിരണം പദ്ധതി പ്രകാരം ജില്ലയില്‍ അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളില്‍ 4 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഒരു സ്‌കൂളിന്റെ നിര്‍മ്മാണം 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള 12 കെട്ടിടങ്ങളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. എട്ടെണ്ണത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാനുള്ളവ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി . ജില്ലയില്‍ ആകെയുള്ള 99616 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 31748 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 60665 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലും 7203 കുട്ടികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ 2022-23 വര്‍ഷത്തില്‍ പട്ടികയിലുള്ള 9165 വീടുകളില്‍ 2027 വീടുകള്‍ പൂര്‍ത്തീകരിച്ചു. 7936 വീടുകളില്‍ 2267 വീടുകള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 959 വീടുകള്‍ പൂര്‍ത്തീകരിച്ചു. 1308 എണ്ണം നിര്‍മ്മാണപുരോഗതിയിലാണ്. ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി ജില്ലയിലെ 26 സ്ഥാപനങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന ഏഴ് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളുടെയും ഒ.പി പരിവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത നാല് മേജര്‍ ആശുപത്രികളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 2,41,121 കണക്ഷനുകള്‍ക്ക് പുതുതായി ഭരണാനുമതി ലഭിച്ചു. 95,492 വാട്ടര്‍ കണക്ഷനുകള്‍ നിലവിലുണ്ട്. 1,84,142 വാട്ടര്‍ കണക്ഷനുകള്‍ ഉടന്‍ നല്‍കും . രണ്ടു പഞ്ചായത്തുകളിലായി 24.25 സെന്റ് സ്വകാര്യഭൂമിയും ആറു പഞ്ചായത്തുകളിലായി 107.8 സെന്റ് സര്‍ക്കാര്‍ ഭൂമിയും ആവശ്യമുണ്ട്. വിവിധ ഏജന്‍സികളുടെ അനുമതി ആവശ്യമായ 121 എണ്ണവും വനംവകുപ്പിന്റെ അനുമതി ആവശ്യമായ ഏഴെണ്ണവും ഉണ്ട്. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യം എത്രയും വേഗം നേടാനാണ് സര്‍ക്കാരിന്റെ ശ്രമം.

അതി ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി, മാലിന്യ മുക്ത നവകേരളം, വിദ്യാകിരണം, ആര്‍ദ്രം മിഷന്‍, ഹരിത കേരളം മിഷന്‍, ലൈഫ് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവ അവലോകന യോഗത്തില്‍ വിശകലനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ,എറണാകുളം ,കോട്ടയം ,ഇടുക്കി ജില്ലകളിലെ ക്രമസമാധാന പാലനം സംബന്ധിച്ച് അവലോകന യോഗം നടന്നു.