സാമൂഹികനീതി  നിഷേധിക്കപ്പെടരുതെന്നും, സമത്വമാണ് ആവശ്യമെന്നും അതിനായി എല്ലാവരും ഒത്തുചേരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍  ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ ഭാഗമായി  നടന്ന പൊതുസമ്മേളനത്തിന്റെയും പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റല്‍ ഹോം സര്‍വേയുടേയും ജില്ലാതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പിന്നാക്ക ജാതിയില്‍പ്പെട്ട  ജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ്  നടപ്പാക്കി വരുന്നത്. അവയെല്ലാം തന്നെ  ഊര്‍ജ്ജിതമായി നടപ്പാക്കുവാനും  ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതല്‍ സുതാര്യമാക്കാനും എല്ലാവരും ഒരുപോലെ പരിശ്രമിക്കേണ്ടതുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഉണ്ടാകണം.

രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെയാണ്  കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 76 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ  പല സംസ്ഥാനങ്ങളിലും  പിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ ഇപ്പോഴും നിരന്തരമായി ജാതി-മത വിവേചനത്തിന്റെ പേരില്‍ സമൂഹത്തില്‍ അടിമപ്പെട്ടു കഴിയുകയാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ജാതിക്കെതിരെ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയ  സംസ്ഥാനമാണ് കേരളം. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും തുടങ്ങി നിരവധി നവോത്ഥാന നായകന്മാരുടെ ആശയങ്ങളെയും പ്രസ്ഥാനങ്ങളേയും പിന്തുടരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.

ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി സംസ്ഥാനത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അവശേഷിക്കുന്ന പട്ടിക ജാതി – വര്‍ഗ വിഭാഗത്തിലെ ആളുകളെ കണ്ടെത്തി സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.ഒക്ടോബര്‍ രണ്ടു മുതല്‍ 16 വരെ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഉയരാം ഒത്തുചേര്‍ന്ന് എന്ന മുദ്രാവാക്യമുയര്‍ത്തി  ഐക്യദാര്‍ഢ്യ പക്ഷാചരണം ആഘോഷിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരുന്നതിനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും അവരെ സ്വയം പര്യാപ്തതയില്‍ എത്തിച്ച് കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ കരുത്തുള്ള ജനസമൂഹമായി മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം.ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിഭകളെ ആദരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള  അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, അംഗങ്ങളായ കുഞ്ഞന്നമ്മ കുഞ്ഞ്, കെ പി സന്തോഷ്, അടൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് ചന്ദ്രശേഖര്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗങ്ങളായ കെ രവികുമാര്‍, ജി രാജപ്പന്‍, എന്‍ രാമകൃഷ്ണന്‍, കെ ദാസന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഐ/സി) എസ്.ദിലീപ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.ജി റാണി,പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പ്രവീണ്‍ പ്രകാശ്, മുന്‍ കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അഡ്വക്കേറ്റ് എന്‍ രവീന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.