ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ വൈജ്ഞാനിക രംഗത്ത് മോശമല്ലാത്ത സ്ഥാനം കേരളത്തിനുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സ്ഥാനം ഒരുപാട് സംസ്ഥാനങ്ങളുടെ പിറകിലാണെന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ നാകിന്റെ എ പ്ലസ് അക്രഡിറ്റേഷന്‍ ഉള്ള സര്‍വകലാശാലയും  എന്‍. ഐ.ആര്‍.എഫിന്റെ ആദ്യത്തെ 25 റാങ്കില്‍ വരുന്ന സര്‍വകലാശാലയും കേരളത്തില്‍  ഇല്ലെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം ഗവ. കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പരിശീലനം കൂടി നല്‍കുന്ന പഠനത്തോടൊപ്പം തൊഴില്‍ എന്ന കാഴ്ചപ്പാട് കോളെജുകളിലും സര്‍വകലാശാലകളിലും ഉണ്ടാക്കിയെടുക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ ഒരു മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി. ശാന്ത, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി. ബാലന്‍ നായര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സുനിത, എന്‍.ഐ.ടി. കാലിക്കറ്റ് ഡയറക്ടര്‍ ഡോ.ശിവാജി ചക്രവര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ എ.എസ്. ഹാമിത, എം. പ്രിയ എന്നിവര്‍ക്ക് ഡോ.വി.എ. വസന്ത എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.
എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കി 3.25 കോടി രൂപ ഉപയോഗിച്ചാണ്  കുന്ദമംഗലം ഗവ. കോളജ് അക്കാദമിക് ബ്ലോക്ക് കെട്ടിടം നിര്‍മ്മിച്ചത്.  ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരില്‍ ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നല്‍കിയ 5.10 ഏക്കര്‍ സ്ഥലത്താണ് കോളേജിനായി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഈ അധ്യയന വര്‍ഷം മുതല്‍ ഇവിടെ ക്ലാസുകള്‍ നടന്നു വരുന്നുണ്ട്. കുന്ദമംഗലം കോളേജിന് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി  9.75 കോടിയുടെ പദ്ധതിക്ക്  ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ലൈബ്രറി, ഓഡിറ്റോറിയം, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍, കാന്റീന്‍, സ്റ്റാഫ് ക്വാട്ടേഴ്‌സ്, ഗാലറി അടക്കമുള്ള കളിസ്ഥലം എന്നിവയാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഈ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ ജില്ലയിലെ മികച്ച ഗവ. കോളേജുകളില്‍ ഒന്നായി കുന്ദമംഗലം ഗവ. കോളേജ് മാറും.  എന്‍ഐടിയിലെ ആര്‍കിടെക്ച്ചറല്‍ വിഭാഗമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കോളേജിന് സഹായം ലഭ്യമാക്കിയ പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം പഞ്ചായത്തുകളെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ആദരിച്ചു. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എല്‍സമ്മ ജോസഫ് അറയ്ക്കല്‍, കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ഡി.സജി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.